ആർഷഭാരത സംസ്കാരത്തിൽ ഈശ്വരാരാധനയെ പോലെതന്നെ പ്രാധാന്യം കല്പിക്കപ്പെടുന്ന ഒന്നാണ് ജ്യോതിശാസ്ത്രവും. പ്രപഞ്ചത്തിലെ ഗ്രഹങ്ങൾ, ഉപഗ്രഹങ്ങൾ, നക്ഷത്രങ്ങൾ, കാലഘടന തുടങ്ങിയവയെകുറിച്ചെല്ലാം ജ്യോതിശാസ്ത്രത്തിൽ പ്രതിപാദിക്കുന്നുണ്ട് . പ്രപഞ്ചശക്തിയുടെ അംശങ്ങളായ ഗ്രഹങ്ങളും നക്ഷത്രങ്ങളുമൊക്കെ മനുഷ്യജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്ന ചിന്തയിൽ നിന്നാണ് ജ്യോതിഷം ഉരുത്തിരിഞ്ഞത്. ബ്രഹ്‌മാണ്ഡശക്തിയായ ഈശ്വരനും; ഈശ്വരാംശമായ മറ്റുള്ളവയും ഈ പ്രപഞ്ചത്തിലെ ഓരോന്നിലും സ്വാധീനം ചെലുത്തുന്നുണ്ട്.
ജ്യോതിഷത്തിൽ വളരെ പ്രാധാന്യം കല്പിക്കപ്പെടുന്ന ഒന്നാണ് സമയം. സമയത്തിന്റെ ഗതിവിഗതികൾക്ക് ജ്യോതിഷത്തിൽ വളരെ പ്രധാന പങ്കുണ്ട്. ജ്യോതിഷപ്രകാരം എല്ലായ്പ്പോഴും പ്രപഞ്ചസ്‌ഥിതി ഒന്നല്ല; ഗ്രഹങ്ങളുടെയും ഉപഗ്രഹങ്ങളുടെയും ചലനമാണ് ഇതിന് കാരണം. ഈ ചലനങ്ങൾ പ്രപഞ്ചത്തിൽ പലതരം ശക്തികളുടെ ഉയർച്ചതാഴ്ചകൾക്ക് കാരണഭൂതമാകുന്നു. ഇത്തരം ശക്തികളുടെ ഉയർച്ചതാഴ്ചകൾ പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളെയും സ്വാധീനിക്കും.
ജ്യോതിശാസ്ത്രപ്രകാരം 9 ഗ്രഹങ്ങൾ 26 നക്ഷത്രങ്ങളുമാണ് ഉള്ളത്. ഒരു കുഞ്ഞിന്റെ ജീവൻ ഭൂമിയിൽ ഉടലെടുക്കുന്ന സമയവും അത് ജനിക്കുമ്പോഴുള്ള ഗ്രഹങ്ങളുടെ നിലയും ദിനനക്ഷത്രവുമാകും ആ കുട്ടിയുടെ ജീവിതത്തിന്റെ ഗതി നിർണ്ണയിക്കുകയെന്ന് ജ്യോതിഷം വിശ്വസിച്ചുവരുന്നു. ജനന സമയത്തെയും ജന്മനക്ഷത്രത്തെയും ഗ്രഹങ്ങളുടെ നിലയെയും അടിസ്ഥാനമാക്കിയാണ് ഒരു കുട്ടിയുടെ ജാതകം തയ്യാറാക്കുന്നത്. ജ്യോതിഷപ്രകാരം ഓരോ ഗ്രഹങ്ങൾക്കും നക്ഷത്രങ്ങൾക്കും ഓരോ ദേവതകളെയും സങ്കല്പിച്ചിട്ടുണ്ട്. ജാതകവശാൽ ജീവിതത്തിലുണ്ടാകുന്ന ദോഷങ്ങൾക്ക് ഈ ദേവതകളെ ഉപാസിച്ചാൽ ശമനം കൈവരുന്നതാണ്.
ജ്യോതിഷം അതിബൃഹത്തായ ഒരു ദൈവീക ശാസ്ത്രശാഖയാണ്. വർഷങ്ങളുടെ പഠനവും ഉപാസനയും സത്ബുദ്ധിയും ഉള്ള ഒരാളിനുമാത്രമേ ശരിയായ ഒരു ദൈവജ്ഞനായി രൂപപ്പെടാൻ കഴിയുകയുള്ളൂ. അത്തരത്തിലുള്ള ഒരാളിനു മാത്രമേ മറ്റുള്ളവരുടെ ജീവിതത്തെക്കുറിച്ച് ശരിയായി പഠിക്കാനും അവർക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നല്കാനും കഴിയുകയുള്ളൂ. ഭാരതീയ ജ്യോതിഷത്തിന്റെ ഉപശാഖകളാണ് കുങ്കുമജ്യോതിഷം, നാഡീജ്യോതിഷം, പാരമ്പര്യജ്യോതിഷം, സിദ്ധജ്യോതിഷം, വെറ്റിലജ്യോതിഷം, മഷിനോട്ടം, സംഖ്യാജ്യോതിഷം എന്നിവ.